Blog Malayalam

എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം

എമർജൻസി ഫണ്ട് എങ്ങിനെ ഉണ്ടാക്കാം

എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം ആണ്. ജീവിതത്തിൽ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി തരണം ചെയ്യേണ്ടതായി   വരുമ്പോൾ – അത് തൊഴിലില്ലായ്മ, ആരോഗ്യപ്രശ്നങ്ങൾ, വീടിനോ വാഹനത്തിനോ ഉള്ള കേടുപാട് – എന്തുമായിക്കൊള്ളട്ടെ, കുടുംബത്തിൻറെ സാമ്പത്തിക ഭദ്രത ഈ കരുതൽ ധനം ഉറപ്പു വരുത്തും.

അനാവശ്യ ചിലവുകൾ കണ്ടെത്തി നിർത്തുക

ഹോട്ടലുകൾ സന്ദർശിയ്ക്കുക, ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിയ്ക്കുക തുടങ്ങിയ അനാവശ്യ ചിലവുകൾ വേണ്ടെന്നു വെയ്ക്കുക. മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങൾ കുറയ്ക്കുക.

ഓൺലൈൻ ജോലി കണ്ടെത്താം

കൂടുതലായിട്ടുള്ള കഴിവുകൾ ഉപയോഗിച്ച് ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കുന്നത് വരുമാനം വർദ്ധിപ്പിയ്ക്കും. തൊഴിലില്ലായ്മയും ശമ്പളം വെട്ടിക്കുറയ്ക്കലും കൂടുന്ന ഈ കാലത്തു ഈ അധിക വരുമാനം ഗുണം ചെയ്യും. മാത്രമല്ല, പുതിയ തൊഴിലിനു ശ്രമിയ്ക്കുന്ന ഒരാളാണെങ്കിൽ നേടിയെടുത്ത ഈ കഴിവുകൾ നിങ്ങൾക്ക് ബയോഡാറ്റയുടെ മൂല്യം വർദ്ധിപ്പിയ്ക്കും.

എമർജൻസി ഫണ്ട് നിക്ഷേപം ഓട്ടോമേറ്റ് ചെയ്യുക

എമർജൻസി ഫണ്ട് തുക നിശ്ചയിച്ചു കഴിഞ്ഞാൽ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുക. നിങ്ങൾ സ്വയം പണം നീക്കി വെയ്ക്കുന്നതിനേക്കാൾ ഇതാണ് കൂടുതൽ ഫലപ്രദം.

സേവിങ്സ് അക്കൗണ്ടിന് പകരം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ട് ഉപയോഗിയ്ക്കുക

സേവിങ്സ് അക്കൗണ്ടിൽ നിന്നുള്ള കുറച്ചു പണം ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിയ്ക്കുക. ഇതിൽ നിന്ന് കൂടുതൽ പലിശ ലഭിയ്ക്കും. ഈ അധിക വരുമാനം എമർജൻസി ഫണ്ടിലേക്ക് നീക്കിവെയ്ക്കാം. പിന്നീട് ഈ അക്കൗണ്ട് ഓട്ടോമേറ്റ് ചെയ്യുകയും ആവാം. സേവിങ്സ് അക്കൗണ്ട് പോലെത്തന്നെ ലിക്വിഫൈഡ് മ്യൂച്വൽ ഫണ്ടിലും പെട്ടെന്ന് പണം പിൻവലിയ്ക്കാനും എ.ടി. എം കാർഡ് കൈവശം വെയ്ക്കാനും ഉള്ള സൗകര്യം ഉണ്ട്.

ഉപയോഗശൂന്യമായ വീട്ടു വസ്തുക്കൾ വിൽക്കുക

വീടുകളിൽ ഉപയോഗമില്ലാതെ കിടക്കുന്ന വീട്ടു വസ്തുക്കൾ വിൽക്കുക. ഉദാഹരണത്തിന് വീട്ടിൽ ഉപയോഗശൂന്യമായ ഒരു ഫർണിച്ചർ ഉണ്ടെങ്കിൽ അത് ഓ എൽ എക്സ് പോലുള്ള വെബ്സൈറ്റുകളിലൂടെ വിൽക്കാം. ഇങ്ങിനെ ലഭിയ്ക്കുന്ന അധിക പണം എമർജൻസി ഫണ്ടിലേക്ക് നീക്കി വെയ്ക്കാം.

ലോണുകൾ പുനർക്രമീകരിയ്ക്കുക

നിങ്ങൾ അടയ്ക്കുന്ന ലോണുകളുടെ പലിശ നിരക്ക് കൂടുതലാണോ എന്ന് പരിശോധിയ്ക്കുക. കൂടുതലാണെങ്കിൽ അവ പുനർരൂപീകരിയ്ക്കുക. ഇത് പലിശ നിരക്ക് കുറയ്ക്കാൻ സഹായിച്ചേക്കും. ഈ മിച്ചം വന്ന പണം എമർജൻസി ഫണ്ടിലേക്ക് ഇടാം.

തൊഴിലില്ലായ്മയുടെയും ശമ്പളം വെട്ടികുറയ്ക്കലിന്റെയും ഈ കാലത്തു ഒരു എമർജൻസി ഫണ്ട് ഉണ്ടാക്കി സ്വയം സുരക്ഷിതരാകേണ്ടത് അത്യാവശ്യം ആണ്.

Blog Malayalam

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ചില കുറുക്കുവഴികൾ

ലോകം ഒരു മഹാവ്യാധിയുടെ പിടിയിലാണ്. രോഗവ്യാപനം ഭയന്ന് ജനങ്ങൾ വീടുകളിൽ അടച്ചിരിയ്ക്കുന്നു. ലോകരാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി മുൻപൊരിയ്ക്കലും ഉണ്ടായിട്ടില്ലാത്ത വിധം തകർന്നിരിയ്ക്കുന്നു. സാമാന്യജനത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ജോലിയും വരുമാനവും ഇല്ലാതാകുമോ എന്ന ആശങ്ക കുറച്ചൊന്നുമല്ല അവരെ ബാധിച്ചിരിയ്ക്കുന്നത്, പ്രത്യേകിച്ചും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ. ഇത്തരം ഒരു അവസ്ഥയിൽ കയ്യിലിരിയ്ക്കുന്ന പണം എങ്ങിനെ കൈകാര്യം ചെയ്യണം എന്നത് ഗൗരവതരമായ ഒരു വിഷയമാണ്.

എമർജൻസി ഫണ്ട് ഉണ്ടാക്കുക

പ്രവാസികൾക്ക് മാത്രമല്ല ഏതൊരാൾക്കും ഉണ്ടാകേണ്ട ഒന്നാണ് എമർജൻസി ഫണ്ട്. ആ ഒരു വർഷത്തേയ്ക്ക് ഒരു കുടുംബത്തിന്റെ ജീവിതശൈലീ ചിലവ് കഴിയ്ക്കാൻ പര്യാപ്‍മായിരിയ്ക്കണം ഈ ഫണ്ട്.

അനാവശ്യ ചിലവുകൾ ഒഴിവാക്കുക

വീട് പണി, പുതുക്കിപ്പണിയൽ തുടങ്ങിയവ അത്യാവശ്യമല്ലെങ്കിൽ ഒഴിവാക്കുക. അക്കൗണ്ടിൽ നിന്ന് പണം ചോരുന്ന ഏതു സംരംഭവും തൽക്കാലത്തേയ്ക്ക് മാറ്റി വെയ്ക്കുക.

ദീർഘകാല നിക്ഷേപങ്ങളോട് തൽക്കാലത്തേയ്ക്ക് നോ പറയുക

പുതിയ ദീർഘകാല നിക്ഷേപങ്ങൾ, അത് ഇൻഷുറൻസ് ആയാലും ഈക്വിറ്റി ആയാലും തല്ക്കാലം വേണ്ടെന്നു വെയ്ക്കുക. പണമായി കൈവശം ഉണ്ടാകേണ്ടത് ഈ പ്രതിസന്ധി കാലത്തു അത്യാവശ്യമാണ്.

നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക

കഴിയുന്നതും നിലവിലുള്ള എസ്സ് ഐ പി, ഇൻഷുറൻസ് പോളിസികൾ തുടരുക. അത്യാവശ്യ ചിലവുകൾക്ക് ശേഷം ഫണ്ട് തീരെ ഇല്ലെങ്കിൽ മാത്രമേ പോളിസികൾ നിർത്താവൂ. ഇൻഷുറൻസ് പോളിസികൾ ഇടയ്ക്ക് വെച്ച് നിർത്തുന്നത് ഇത് വരെ അടച്ച പണം നഷ്ടപ്പെടാൻ ഇടയാക്കും.

പെട്ടെന്നു വരുമാനം ലഭിയ്ക്കുന്ന സംരംഭങ്ങൾ ഒഴിവാക്കുക

ബിസിനസ്സ് പങ്കാളിത്തത്തിന്റെയും മറ്റു പദ്ധതികളുടെയും രൂപത്തിൽ മോഹിപ്പിയ്ക്കുന്ന ഏറെ വാഗ്ദാനങ്ങൾ വന്നേക്കാം. കൃത്യമായ ഒരു വരുമാനം എന്ന കെണിയിൽ പെടാതെ സൂക്ഷിയ്ക്കുക. ഇത്തരം നിക്ഷേപങ്ങൾക്ക് പറ്റിയ സമയമല്ലിത്‌.

പുതിയ ഇൻഷുറൻസ് പോളിസികളിൽ ചേരാതിരിയ്ക്കുക

മികച്ച റിട്ടയർമെന്റ് പ്ലാനുകളുമായാണ് പലതും വരുന്നതെങ്കിലും അവയുടെ ലിക്വിഡിറ്റി കുറവാണ്. വരുമാനം കിട്ടിത്തുടങ്ങാൻ തന്നെ പല പോളിസികളും അഞ്ചു വർഷം എടുക്കും.

ചിലവുകൾ നിയന്ത്രിയ്ക്കുക

മാസം തോറുമുള്ള ചിലവുകൾ കുറിച്ച് വെയ്ക്കുകയും അനാവശ്യ ചിലവുകളെന്നു കണ്ടാൽ ഒഴിവാക്കുകയും വേണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിയ്ക്കുക. ഈ പ്രതിസന്ധിയിൽ നിന്ന് വല്യ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ ഇത് നിങ്ങളെ സഹായിയ്ക്കും.

നിലവിലുള്ള ഇൻഷുറൻസ് പോളിസികൾ വിശകലനം ചെയ്യുക

നിലവിലുള്ള പോളിസികൾ പുനഃപരിശോധിയ്ക്കുക. ലൈഫ് ഇൻഷുറൻസ്, ടെം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസി എന്നിവ എടുത്തിട്ടുണ്ടെങ്കിൽ അതിൽ നിന്ന് ലഭിയ്ക്കുന്ന കവറേജ്, തുക എന്നിവ വിശകലനം ചെയ്യുക. ഈ പോളിസികൾ പ്രായമായ മാതാപിതാക്കൾ അടക്കമുള്ള നിങ്ങളുടെ കുടുംബത്തിൻറെ ആരോഗ്യപരമായ ആവശ്യങ്ങൾക്ക് അനുസൃതമാണോ എന്നും പരിശോധിയ്ക്കണം. അപര്യാപ്‌തമെന്നു കണ്ടാൽ അനാവശ്യ പോളിസികൾ നിർത്തുകയും ആവാം.

കടങ്ങൾ നിയന്ത്രിയ്ക്കുക

കടങ്ങൾ പുനർരൂപീകരിയ്ക്കുക. നിങ്ങൾ അടയ്ക്കുന്ന ഈ.എം.ഐ. നിരക്ക് കൂടുതൽ ആണെങ്കിൽ അവ പുനർക്രമീകരിയ്ക്കുക. ഒന്നിലധികം ലോണുകൾ ഉണ്ടെങ്കിൽ ഏകീകരിച്ചു പലിശ ഒന്നിച്ചടയ്ക്കാനോ കുറയ്ക്കാനോ ശ്രമിയ്ക്കുക. ആവശ്യമെങ്കിൽ വിദഗ്ദ്ധ സഹായത്തോടെ ഇ എം ഐ അടവും പലിശ നിരക്കും യോജിപ്പിയ്ക്കുക.

താൽക്കാലിക ജോലി കണ്ടെത്തുക

നിങ്ങൾ അവധിയിലോ മറ്റൊരു ജോലിയ്ക്കുള്ള ശ്രമത്തിലോ ആണെങ്കിൽ ഒരു താൽക്കാലിക ജോലി കണ്ടെത്തുന്നത് വരുമാനം കൂട്ടും. നിങ്ങൾ ഒരു സ്‌കിൽഡ് ജോലിക്കാരൻ ആണെങ്കിൽ ഓൺലൈൻ ജോലിയ്ക്ക് ശ്രമിയ്ക്കാം. ഓൺലൈൻ വഴി ജോലിയ്ക്ക് അപേക്ഷിയ്ക്കുന്നതിലൂടെ ഒഴിവു സമയം പ്രയോജനപ്പെടുത്താം. മറ്റു കഴിവുകൾ ഉണ്ടെങ്കിൽ പരിപോഷിപ്പിയ്ക്കുന്നത് ജോലി ലഭിയ്ക്കുന്നതിനു ഗുണകരമാവും.

പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക

ജോലി നഷ്ടപ്പെടും എന്ന ഭയം ഉണ്ടെങ്കിൽ ലഭിയ്ക്കാൻ സഹായിയ്ക്കുന്ന ബന്ധങ്ങൾ ഉണ്ടാക്കാൻ ഒഴിവു സമയത്ത് ശ്രദ്ധ കേന്ദ്രീകരിയ്ക്കാം.

ഏതെങ്കിലും പ്രത്യേക ലക്‌ഷ്യം മനസ്സിൽ കണ്ടു നിക്ഷേപിയ്ക്കുക

നിങ്ങളുടെ നിക്ഷേപങ്ങൾ ഏതെങ്കിലും ലക്ഷ്യങ്ങൾ മനസ്സിൽ വെച്ചാണോ അതോ ലക്ഷ്യ ബോധമില്ലാത്തവയാണോ എന്ന് പരിശോധിയ്ക്കുക.

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുക

നിങ്ങൾക്ക് കൃത്യമായ ഒരു റിട്ടയർമെന്റ് പദ്ധതി ഉണ്ടോ എന്ന് പരിശോധിയ്ക്കുക. എപ്പോൾ റിട്ടയർ ചെയ്യണമെന്നോ റിട്ടയര്മെന്റിനു മുൻപായി കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ ഏതൊക്കെയാണെന്നോ തീരുമാനിച്ചിട്ടില്ലെങ്കിൽ അത് ചെയ്യുക.

ഈ പ്രതിസന്ധി കാലത്തു കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിയ്ക്കുന്നത് ഇതിൽ നിന്ന് കൂടുതൽ പരിക്കുകൾ ഇല്ലാതെ പുറത്തു കടക്കാൻ സഹായിയ്ക്കും.

Blog Malayalam

റിട്ടയർമെൻറ് സന്തോഷകരമാക്കാൻ ഇതാ 10 വഴികൾ

റിട്ടയർമെൻറ് സന്തോഷകരമാക്കാൻ ഇതാ 10 വഴികൾ

റിട്ടയർമെൻറ് പ്ലാനിംഗ് ക്രമാനുഗതമായി പിന്തുടരേണ്ട ഒരു പ്രക്രിയ ആണ്. റിട്ടയർ ചെയ്യേണ്ട പ്രായം നിശ്ചയിയ്ക്കലും അതിനു മുന്നേ നിറവേറ്റേണ്ട ലക്ഷ്യങ്ങൾ നിർണയിയ്ക്കുകയും മാത്രം ചെയ്യുന്ന ഒരു പ്രക്രിയ അല്ല അത്.  റിട്ടയര്മെന്റിനു ശേഷമുള്ള ജീവിതച്ചിലവുകളെ കുറിച്ചുള്ള വിലയിരുത്തൽ, വരുമാന സ്രോതസ്സ് കണ്ടെത്തൽ, കൂടാതെ നിങ്ങളുടെ കുടുംബത്തെക്കുറിച്ചും ആശ്രിതരെ കുറിച്ചുമുള്ള ഗൗരവമായ പുനർവിചിന്തനം – ഇതെല്ലാം ചെയ്താലേ റിട്ടയർമെന്റ് പ്ലാനിംഗ് പൂർത്തിയാകൂ. ചിലർ നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിയ്ക്കുന്നവർ ആണ്. എന്നാൽ ചിലരാകട്ടെ റിട്ടയർമെന്റ് പ്രായം എത്താൻ കാത്തിരിയ്ക്കുന്നവർ ആണ്. നിങ്ങളുടെ റിട്ടയര്മെന്റിനുള്ള പ്രായവും സമയവും എന്തുമാകട്ടെ, നിങ്ങൾ അത്യാവശ്യം ചെയ്യേണ്ട ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. ഇതിനു മുന്പായി നിങ്ങൾ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്

റിട്ടയർമെൻറ് പ്രായം തീരുമാനിയ്ക്കുക

റിട്ടയർമെൻറ് എപ്പോൾ വേണം എന്ന് തീരുമാനിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് തീരുമാനിച്ചാലേ നിങ്ങൾക്ക് ഉദ്യോഗത്തിൽ ബാക്കിയുള്ള വർഷങ്ങൾ എത്രയെന്നും അതിനു മുൻപേ കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ ഏതെന്നും തീരുമാനിയ്ക്കാനാവൂ.

റിട്ടയര്മെന്റിനു മുൻപും ശേഷവും നിറവേറ്റേണ്ട ലക്ഷ്യങ്ങൾ നിർണയിയ്ക്കുക.

റിട്ടയർമെന്റിനു മുൻപ് കൈവരിയ്‌ക്കേണ്ട ലക്ഷ്യങ്ങൾ തീരുമാനിയ്ക്കുക. ഇത് കുട്ടികളുടെ പഠിത്തം, വിവാഹം, വീട് പണി, കടം വീട്ടൽ എന്തുമാകാം. റിട്ടയര്മെന്റിനു മുൻപ് നിറവേറാൻ സാദ്ധ്യത ഇല്ലാത്ത ലക്ഷ്യങ്ങളും പരിശോധിയ്ക്കുക.

റിട്ടയര്മെന്റിനു ശേഷമുള്ള ചിലവ്

റിട്ടയര്മെന്റിനു ശേഷം ഉണ്ടാകാൻ സാദ്ധ്യതയുള്ള ചിലവ് നിർണയിയ്ക്കുക. മാസച്ചിലവുകൾ കണക്കാക്കി റിട്ടയര്മെന്റിനു ശേഷമുള്ള വരുമാന സ്രോതസ്സ് കണ്ടെത്തുക. ജീവിതച്ചിലവിനുള്ള ഈ വരുമാന സ്രോതസ്സ് കണ്ടെത്തുക എന്നതായിരിയ്ക്കണം ഒരു ലക്‌ഷ്യം.

റിട്ടയർമെന്റിനു ശേഷം ഉള്ള വരുമാന സ്രോതസ്സ്

റിട്ടയർമെന്റിനു ശേഷം ഉള്ള വരുമാന സ്രോതസ്സ് കണക്കാക്കുക. ഇത് നിങ്ങളുടെ വീടിൻറെയോ സ്ഥലത്തിൻറെയോ വാടകയാകാം, ബിസിനെസ്സിൽ നിന്നുള്ള വരുമാനമാകാം, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള വിഹിതമാകാം. അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള പ്രതിമാസ, വാർഷിക വരുമാനം ആവാം.

നിങ്ങളുടെ കൈവശമുള്ള നിക്ഷേപങ്ങളുടെയും ആസ്തികളുടെയും മൂല്യനിർണയം നടത്തുക.

നിങ്ങളുടെ ആസ്തികളുടെയും നിക്ഷേപങ്ങളുടെയും കൃത്യമായ കണക്കെടുപ്പ് നടത്തുക. ചിലർ ഫിക്സഡ് ഡെപ്പോസിറ്റ്കളിൽ മാത്രം നിക്ഷേപിയ്ക്കുമ്പോൾ, ചിലർ യൂ ലിപ് പോളിസിയിലും മറ്റു ചിലർ മ്യൂച്വൽ ഫണ്ടിൽ തന്നെയുള്ള പല അക്കൗണ്ടുകളിലുമായി നിക്ഷേപം നടത്താറുണ്ട്. ഈ നിക്ഷേപങ്ങൾ എല്ലാം ഏകീകരിച്ചു യോജിപ്പിയ്ക്കുക. ഇവ നിങ്ങളുടെ റിസ്ക് പ്രൊഫൈലുമായും ആവശ്യങ്ങളുമായും ചേർന്ന് പോകുന്നതാണെന്നു ഉറപ്പ് വരുത്തുക.

പ്രതിമാസ നിക്ഷേപങ്ങൾ നടത്താമോ എന്ന് പരിശോധിയ്ക്കുക

ഇപ്പോൾ നിങ്ങളുടെ റിട്ടയർമെന്റ് സമയവും ഉദ്യോഗത്തിൽ എത്ര വര്ഷം ബാക്കിയുണ്ട് എന്നും മനസ്സിലായിട്ടുണ്ടാവുമല്ലോ. അതിനു യോജിച്ച രീതിയിലുള്ള ഒരു എസ് ഐ പി നിക്ഷേപം കണ്ടെത്തുക. ഇത് നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ടിലേയ്ക്കുള്ള നല്ലൊരു നീക്കിയിരിപ്പാവും.

ഇൻഷുറൻസ് ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുക

നിങ്ങളുടെ റിസ്കിന് അനുസരിച്ചുള്ള ഒരു ഇൻഷുറൻസ് പോളിസിയും അതിനനുസൃതമായ തുകയ്ക്കുമാണ് എടുത്തിട്ടുള്ളതെന്ന് ഉറപ്പു വരുത്തുക. ഇതിലൂടെ കുടുംബനാഥന് മരണം സംഭവിയ്ക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾക്ക് ഒരു നിശ്ചിത തുക നഷ്ട്ടപരിഹാരവും സാമ്പത്തിക ഭദ്രതയും ലഭിയ്ക്കും.

റിട്ടയര്മെന്റിനു ശേഷം അടയ്‌ക്കേണ്ട നികുതി തുക പരിശോധിയ്ക്കുക

റിട്ടയര്മെന്റിനു ശേഷവും നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ള നികുതി അടയ്‌ക്കേണ്ടി വരും. അടയ്‌ക്കേണ്ട തുകയെ പറ്റി കൃത്യമായി കണക്കികൂട്ടി വെയ്ക്കുക. റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ ഈ തുകയും കണക്കിലെടുക്കേണ്ടി വരും.

ഒരു വിൽപ്പത്രം തയ്യാറാക്കുക

നിങ്ങളുടെ ആസ്തികളും അവ കൈമാറുന്ന ആളുടെ പേരും വ്യക്തമാക്കി ഒരു വിൽപ്പത്രം തയ്യാറാക്കുക. ഒരു വക്കീലിൻറെ സഹായത്തോടെ അത് റജിസ്റ്റർ ചെയ്യാം. അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിച്ച ആൾക്ക് അത് കിട്ടാതെ വരും. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലും ഷെയർ കളിലും നോമിനിയുടെ പേര് എഴുതിയാലും അത് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഒരു കേസ് മതി വസ്തു കൈമാറ്റം ചെയ്യുന്നത് തടയാൻ. അതിനാൽ തന്നെ റജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യം ആണ്.

വ്യക്തതയോടെ നടപ്പാക്കുന്ന ഒരു പ്ലാൻ നിങ്ങളുടെ റിട്ടയർമെന്റിനു ശേഷമുള്ള ജീവിതം സുഗമമാക്കും.

Blog Malayalam

പണമുണ്ടാക്കുന്നത് തെറ്റോ

I

പണമുണ്ടാക്കുന്നത് തെറ്റോ

പണമുണ്ടാക്കുന്നത് ഒരു അപരാധമാണെന്ന മട്ടിൽ പെരുമാറുന്നവരെ കണ്ടിട്ടില്ലേ. സ്വാർത്ഥനെന്നും അത്യാഗ്രഹിയെന്നും ആളുകൾ മുദ്ര കുത്തുന്നത് കേൾക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ട് മാത്രം പണം ജീവിതത്തിൽ ഒരു അവശ്യ ഘടകമായി കാണാത്തവർ ഉണ്ട്. പണത്തെ കുറിച്ചുള്ള ചില ധാരണകൾ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിയ്ക്കുന്നത് കൊണ്ടാണ് പണക്കാരനാവുന്നത് ഒരു തെറ്റായി ആളുകൾ ധരിയ്ക്കുന്നത്.  പണമുണ്ടാക്കുന്നത് തെറ്റല്ലെന്ന് മാത്രമല്ല പണത്തോടുള്ള നിങ്ങളുടെ മനോഭാവമാണ് നിങ്ങളുടെ സാമ്പത്തികസ്ഥിതി നിശ്ചയിയ്ക്കുന്നത്. ഇന്ന് സമൂഹത്തിൽ പണത്തെക്കുറിച്ചു നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ നോക്കൂ.

പണം സന്തോഷം ഇല്ലാതാക്കും

പണം സന്തോഷം ഇല്ലാതാക്കുമെങ്കിൽ ഏറ്റവും സന്തോഷിക്കുന്നവർ പാവപ്പെട്ടവർ ആയേനെ.  പണവും സന്തോഷവും രണ്ടും രണ്ടാണ്.  ഒരു ലക്ഷ്യം ഉണ്ടാകുമ്പോഴാണ് നിങ്ങളുടെ ജീവിതം അർദ്ധവത്താകുന്നതും നിങ്ങൾ സന്തോഷവാന്മാരാകുന്നതും. എന്നാൽ അവശ്യ ഘട്ടങ്ങളിൽ പണമില്ലാത്തതു സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുത്തിവെയ്ക്കുകയും നിങ്ങളുടെ സന്തോഷം കെടുത്തുകയും ചെയ്യും. അതിനാൽ സാമ്പത്തികപ്രശ്നങ്ങൾ ഇല്ലാതാക്കാൻ പണവും, സന്തോഷം നിറഞ്ഞ ജീവിതത്തിനു ഒരു ലക്ഷ്യവും കണ്ടെത്തുക. രണ്ടും വേറിട്ട പാതയാണെന്നു മനസിലാക്കുക

പണക്കാർ അത്യാഗ്രഹികൾ ആണ്

പണമുള്ളത് കൊണ്ട് അത്യാഗ്രഹി ആകണമെന്നില്ല. എല്ലാ വിഭാഗം ജനങ്ങളിലുമുണ്ട് അത്യാഗ്രഹികൾ. ദാനധർമ്മങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്യുന്ന കോടീശ്വരന്മാരുണ്ട്. ഇതവർക്ക് സാധിയ്ക്കുന്നത് പണമുള്ളത് കൊണ്ടാണ്. പണമുണ്ടെങ്കിൽ ഇത്തരം സംഭാവനകൾ കൂടുതൽ ചെയ്യാനാവും.

പണമുണ്ടാക്കുന്നത് കഠിന പ്രക്രിയ ആണ്

പണമുണ്ടാക്കുന്നത് കഠിനമായ പ്രക്രിയ ആണെന്നും ഇത് തങ്ങളുടെ വ്യക്തി ജീവിതത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്നുമുള്ള ഒരു ധാരണ പലരിലും ഉണ്ട്. കഠിനാദ്ധ്വാനവും പണമുണ്ടാക്കുന്നതും രണ്ടും രണ്ടാണ്. ചിട്ടയായ ഒരു ജീവിതം നയിക്കുന്നവർക്ക് വ്യക്തിപരമായ കാര്യങ്ങൾക്കും ഔദ്യോഗിക കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കി വെയ്ക്കാനാവും. ഇത് ഏർപ്പെടുന്ന പ്രവൃത്തി ആസ്വദിയ്ക്കാൻ സഹായിക്കുകയും ചെയ്യും.

പണമുണ്ടാക്കുന്നത് ആത്മീയപരമായി തെറ്റാണ്

പണമുണ്ടാക്കുന്നത് ആത്മീയപരമായി തെറ്റാണെന്നു ആളുകൾക്കിടയിൽ ഒരു ധാരണ ഉണ്ട്. കിംഗ് സോളമൻ ലോകത്തിലെ ഏറ്റവും ധനികനും ഉദാരമതിയുമായ മനുഷ്യനാണെന്ന് ബൈബിൾ തന്നെ പറയുന്നുണ്ട്. അതിനാൽ തന്നെ പണമുണ്ടാക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ലെന്ന് മനസിലാക്കുക.

അധികം പണം ഉണ്ടാക്കിയാൽ മറ്റുള്ളവർക്ക് തികയില്ല

എത്ര വലിയ പങ്ക് എടുത്താലും തീരാത്തത്ര പണം ലോകത്തുണ്ട്. പണം കൂടുതൽ ഉണ്ടാക്കുക വഴി അത് ചിലവാക്കാനും അത് വഴി മറ്റുള്ളവർക്ക് പണം സമ്പാദിയ്ക്കാനും ഉള്ള അവസരം ലഭിയ്ക്കുന്നു. പണം രക്തം പോലെ പടരാനുള്ളതാണ്. വലിയ ഒരു ഭാഗം എടുത്തു ചിലവാക്കിയും നിക്ഷേപിച്ചും സമൂഹത്തിൽ പണം പടരുന്നു എന്നുറപ്പാകുകയാണ് വേണ്ടത്.

ധന സമ്പാദനത്തെ കുറിച്ച് നിലനിൽക്കുന്ന വിശ്വാസങ്ങളും ധാരണകളും പൊളിച്ചെഴുതേണ്ട സമയമായി. മാറുന്ന മനോഭാവം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം.

Blog Malayalam

മണി മാനേജ്മെന്റിലെ 4 ബക്കറ്റ്സ്

മണി മാനേജ്മെന്റിലെ 4 ബക്കറ്റ്സ്

നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. അതിനു സഹായിയ്ക്കുന്ന ഒരു ഫോർമുല ഉണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും. ഫോർമുലകൾ ഇല്ലെങ്കിലും നിങ്ങൾക്ക് നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ചില അടവുകൾ ഉണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. മണി മാനേജ്മെന്റിലെ ‘4 ബക്കറ്റ്സ്’ അത്തരം ഒന്നാണ്.

‘4 ബക്കറ്റ്സ്’ ൽ നമുക്ക് നമ്മുടെ വരുമാനത്തെ നാലായി തരം തിരിയ്ക്കാം

സുരക്ഷ

 • 1 വര്ഷത്തേയ്ക്കോ, 3 അല്ലെങ്കിൽ 6 മാസത്തേയ്‌ക്കോ ഉള്ള ജീവിതച്ചിലവിനു പര്യാപ്തമായ തുക സ്വരൂപിയ്ക്കുക. ഈ തുക സേവിങ്സ് അക്കൗണ്ടിലോ ലിക്വിഡ് ഫോമിലോ നിക്ഷേപിയ്ക്കാം
 • അപ്രതീക്ഷിതമായി ഉണ്ടാകുന്ന അസുഖങ്ങൾ ചികിത്സിക്കാൻ മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് സഹായകരമാകും.
 • യാദൃശ്ചികമായി സംഭവിയ്ക്കുന്ന പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാൻ ടെം ഇൻഷുറൻസ് എടുക്കുന്നതിലൂടെ കഴിയും. കുടുംബാംഗങ്ങൾക്ക് വലിയ ഒരു തുക നഷ്ടപരിഹാരം ലഭിയ്ക്കുന്നതിലൂടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ സാധിയ്ക്കും.
 • കുടുംബത്തിൽ സമ്പാദിയ്ക്കുന്ന ആൾക്ക് ജോലിയ്ക്ക് പോകാൻ കഴിയാത്ത രീതിയിൽ ഗുരുതരമായ അസുഖം സംഭവിയ്ക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി ഒരു പരിധി വരെ മറികടക്കാൻ ക്രിട്ടിക്കൽ ഇൽനെസ്സ് പോളിസിയിലൂടെ സാധിയ്ക്കും.

ഷോർട്ട് ടെം ഇൻവെസ്റ്റ്മെന്റ്

 • 1 അല്ലെങ്കിൽ 3 വർഷത്തേയ്ക്ക് ഒരു പ്രത്യേക ഉദ്ദേശ്യംമനസ്സിൽ കണ്ടു നിക്ഷേപിയ്ക്കുക
 • അപകട സാദ്ധ്യത കുറഞ്ഞതും മൂലധനത്തിൽ (ക്യാപിറ്റൽ) വിലയിടിവ് സംഭവിയ്ക്കാൻ സാദ്ധ്യത ഏറ്റവും കുറവുമുള്ള പോളിസികളിൽ നിക്ഷേപിയ്ക്കുക
 • മ്യൂച്വൽ ഫണ്ട് പോലുള്ള ലിസ്റ്റഡ് കമ്പനികളിൽ 4 -6 വർഷത്തേയ്ക്ക് നിക്ഷേപിയ്ക്കുക. ഇത്തരം കമ്പനികൾ പൂട്ടിപ്പോകാനുള്ള സാദ്ധ്യത കുറവായിരിയ്ക്കും.

ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റ്

 • 5 അല്ലെങ്കിൽ 7 വർഷത്തേയ്‌തെങ്കിലും സ്മാൾ/മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിൽ  നിക്ഷേപിയ്ക്കുക
 • സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ബിസിനസ്സ് സംരംഭങ്ങളിൽ പങ്കാളിയാവുക
 • ലാഭത്തിൽ ഉള്ള അൻ ലിസ്റ്റഡ് കമ്പനികളുടെ ഷെയറുകൾ വാങ്ങാം. ഇത്തരം സ്ഥാപനങ്ങൾ ലാഭം ഉണ്ടാക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്
 • ഭൂമി, വസ്തു എന്നിവയിൽ നിക്ഷേപിയ്ക്കുക. കാര്യമായ വിലക്കയറ്റം ഉണ്ടാകുന്ന മേഖല ആണിത്

ഷോർട്ട് ടെം ഇൻവെസ്റ്റ്മെന്റ്കളിൽ റിസ്ക് സാദ്ധ്യത കുറവാണെന്നത് പോലെ ലാഭത്തിന്റെ തോതും കുറവായിരിക്കും. അതിനു പകരം ലോങ്ങ് ടെം ഇൻവെസ്റ്റ്മെന്റുകളിൽ റിസ്ക് സാദ്ധ്യതയും ലാഭത്തിന്റെ തോതും കൂടും.

എന്റർടൈൻമെന്റ് ബക്കറ്റ്

നിങ്ങളുടെ ചെറിയതും വലിയതും ആയ നിക്ഷേപങ്ങളിൽ നിന്നും ചെറിയൊരു തുക എന്റർടൈൻമെന്റ് ബക്കറ്റിലേക്ക് മാറ്റി വെയ്ക്കാം. കുടുംബമൊത്തുള്ള യാത്രകൾക്കും നിങ്ങളുടെ ഹോബികൾ പിന്തുടരാനും ഈ തുക ഉപയോഗിയ്ക്കാം. ആദ്യ ഘട്ടങ്ങളിൽ നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഒരു തുക ഇതിലേയ്ക്ക് മാറ്റിവെയ്ക്കാമെങ്കിലും നിക്ഷേപങ്ങളിൽ നിന്നുള്ള വരവ് എന്റർടൈൻമെന്റ് ബക്കറ്റ് ലേയ്ക്ക് എത്തിയ്ക്കുക എന്നതായിരിയ്ക്കണം നിങ്ങളുടെ ലക്‌ഷ്യം. അങ്ങിനെയെങ്കിൽ ശമ്പളം വിനോദോപാധികൾക്ക് ഉപയോഗിയ്ക്കേണ്ടി വരില്ല

ഉയർന്ന സാമ്പത്തികസ്ഥിതി ഉള്ളവർ സ്ഥിരമായി പിന്തുടരുന്ന ഈ രീതി സാധാരണക്കാരനും ഉപയോഗിക്കാവുന്നതാണ്. കൃത്യമായി പാലിച്ചാൽ വളരെ ഫലപ്രദമായ ഒരു രീതിയാണ് 4 ബക്കറ്റ് തിയറി